Wednesday, October 17, 2007

അനോണി ആന്റണി, സുരേഷ് ഐക്കര, രാമനുണ്ണി - വിമര്‍ശനം

ആഴമുള്ള ചിന്തകളെ നിത്യജീവിതത്തിലെ സരസ സംഭവങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്ലോഗുകളാണ് അനോണി ആന്റണിയുടെ ബ്ലോഗ് പോസ്റ്റുകള്‍. ബ്ലോഗില്‍ ചിന്തകള്‍ മഞ്ചാടിക്കുരുപോലെ വാരി വിതറുന്ന മറ്റൊരു ബ്ലോഗറാണ് സുരേഷ് ഐക്കര. പഴമയുടെ നറുമണമുള്ള ചെറിയ നര്‍മ്മകഥകള്‍ കൊണ്ട് ബ്ലോഗ് ജീവിതം സന്തുഷ്ടമാക്കുന്നു ശ്രീ. രാമനുണ്ണി മാഷ്.

ഇവിടെ മൂന്നുപേരെയും ഞാന്‍ കൂട്ടിക്കെട്ടിയത് ഒരു കാര്യത്തില്‍ ഉള്ള എതിര്‍പ്പുകൊണ്ടാണ്. മൂന്നുപേരുടെയും രചനകള്‍ ശ്രദ്ധിച്ചാല്‍ ആദ്യം തോന്നുന്നത് - എന്തേ പോസ്റ്റുകള്‍ക്ക് / കഥകള്‍ക്ക് വലിപ്പം കുറഞ്ഞുപോവുന്നു എന്നതാണ്. ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കുട്ടിക്കഥകള്‍ മതിയാവാം. എങ്കിലും ആശയങ്ങള്‍ അനുവാചക ഹൃദയത്തില്‍ തങ്ങിനില്‍ക്കണമെങ്കില്‍, ഒട്ടെങ്കിലും സ്ഥായിയായ ഒരു അനുഭവം ഉണ്ടാക്കണം എങ്കില്‍, കഥകളുടെ വലിപ്പവും ഒരു പ്രധാന ഘടകമാണ്. ഒരു കഥയുടെ പശ്ചാത്തലം അനുവാചക ഹൃദയത്തില്‍ സൃഷ്ടിക്കുവാനും ആ പശ്ചാത്തലത്തിലേയ്ക്ക് കഥാപാത്രങ്ങളെ ഇറക്കുവാനും കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുവാനും ഒക്കെ അല്‍പ്പമെങ്കിലും സ്ഥലം വേണം. മാധവിക്കുട്ടി, സി.വി. ശ്രീരാമന്‍, പത്മരാജന്‍, തുടങ്ങിയവരുടെ രചനകള്‍ നോക്കിയാല്‍ ഇവയിലും നമ്മള്‍ ഓര്‍ത്തിരിക്കുന്ന കഥകള്‍ അല്‍പ്പം വലിപ്പമുള്ള കഥകള്‍ തന്നെ എന്നുകാണാം. മാധവിക്കുട്ടിയുടെ “രുഗ്മിണിക്കൊരു പാവക്കുട്ടി” എന്ന കഥ - ഏകദേശം മുപ്പതു പേജോളം വരും ആ കഥ. അതിനെ ചുരുക്കി അരപ്പേജില്‍ എഴുതിയാല്‍ അതൊരിക്കലും വായനക്കാരനോട് സംവദിക്കില്ല. ആരെങ്കിലും :-) എന്ന് കമന്റിട്ടു പോവുകയേ ഉള്ളൂ. പത്മരാജന്റെ കുഞ്ഞ്, ആലപ്പുഴ, തുടങ്ങിയ കഥകളും കാണുക. ടോള്‍സ്റ്റോയിയുടെ ചെറുകഥകള്‍ നോക്കുക. ഗോഗോളിന്റെ കഥകള്‍ നോക്കുക. വിശ്വസാഹിത്യത്തിലെ അറിയപ്പെടുന്ന ഒട്ടുമിക്ക ചെറുകഥകളും നോക്കുക. എല്ലാ കഥകള്‍ക്കും സാമാന്യ വലിപ്പം കാണാം. മിഴിവുറ്റ ഒരു ചിത്രം വരയ്ക്കുന്നതിനു വലിയ കാന്‍‌വാസ് ആവശ്യമായതുപോലെ തന്നെ മിഴിവുറ്റ കഥകള്‍ക്ക് അതിന്റേതായ വിസ്തൃതിയും ആവശ്യമാണ്. കഥാപാത്രങ്ങള്‍ക്ക് ശ്വസിക്കാന്‍ അല്പം സ്ഥലം ആവശ്യമാണ്.

സുരേഷ് ഐക്കരയുടെ പോസ്റ്റുകളില്‍ പലതും കൂട്ടിക്കെട്ടിയാല്‍ തന്നെ - മുത്തുകള്‍ പെറുക്കി നൂലിട്ടു കൊരുക്കുന്നതുപോലെ നല്ല കഥകള്‍ മെനഞ്ഞുണ്ടാക്കാവുന്നതാണ്. ആ മാലകള്‍ ഏതെങ്കിലും നല്ല കഥാപാത്രങ്ങളുടെ കഴുത്തില്‍ തൂക്കിയാല്‍ മതി. കഥാപാത്രങ്ങള്‍ പോവുന്ന വഴികളിലെ മരങ്ങളില്‍ തൂക്കിയാല്‍ മതി. നല്ല കഥകള്‍ താനേ വന്നുകൊള്ളും. സുരേഷ് ഐക്കര ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നല്ല രചനകള്‍ എഴുതുന്നു എന്ന് കേട്ടറിഞ്ഞു. അവയില്‍ ചിലതെങ്കിലും ഇവിടെയും തൂക്കിയിടൂ. ബ്ലോഗിലും അവ വെളിച്ചം വിതറട്ടെ. ചെറുതെങ്കിലും ഉദ്ബുദ്ധരായ ഒരു കൂട്ടം വായനക്കാര്‍ ബ്ലോഗിലുണ്ട്.

എല്ലാ പോസ്റ്റുകളും വലുതാക്കണം എന്നല്ല എന്റെ അഭിപ്രായം. ഇപ്പോള്‍ തുടരുന്ന ചെറുകഥകള്‍ നിറുത്തണം എന്നുമല്ല. ഇപ്പോള്‍ എഴുതുന്നവ പലതും ചെറുതെങ്കിലും സുന്ദരം തന്നെ. എന്നാല്‍ ഇടയ്ക്കെങ്കിലും രണ്ടോ മൂന്നോ വലിയ കഥകള്‍ ബ്ലോഗില്‍ എഴുതണം എന്നാണ് ഉദ്യേശിക്കുന്നത്. അനോണി ആന്റണിയുടെ റൊമാന്റിക്ക് സറോഗസി ട്രീറ്റ്മെന്റ് എന്ന കഥ ഇതിനു ഒരു നല്ല ശ്രമമാണ്. നല്ല കഥ.

രാമനുണ്ണി മാഷിനോടുള്ള ഒരു പ്രധാന പരാതി മാഷ ഫലിതങ്ങള്‍ മാത്രമേ എഴുതുന്നുള്ളൂ എന്നതാണ്. മാഷിന്റെ വിരല്‍ത്തുമ്പുകളില്‍ ഇനിയും നൂറായിരം കഥകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതെല്ലാം ഇങ്ങോട്ടു പോരട്ടെ. ഫലിതത്തിന്റെ കല്ലില്‍ മാഷിന്റെ സാഹിത്യശക്തിയെ തളച്ചിടേണ്ടതില്ല. ഫലിതങ്ങളും കുട്ടിക്കഥകളും തുടരുമ്പോള്‍ തന്നെ അല്‍പ്പം സമയം കുറച്ച് വലിയ കഥകള്‍ക്കും ആയി ചിലവഴിക്കൂ.

ഇങ്ങനെ കുറ്റങ്ങള്‍ മാത്രം പറയുമ്പൊഴും രാമനുണ്ണി മാഷിന്റെ അനുകൂലന സിദ്ധാന്തം, ആരാണ് ഗുരു തുടങ്ങിയ കഥകള്‍ കാണാതിരിക്കാന്‍ പറ്റില്ല. മനോഹരമായ കഥകള്‍. അതുപോലെ തന്നെ ശക്തമായ രചനകളാ‍ണ് അനോണി ആന്റണിയുടെ മാസ്ലോവിയന്‍ സൗന്ദര്യശാസ്ത്രം തുടങ്ങിയ കഥകള്‍. ഇങ്ങനെ വരികള്‍ക്കും ആശയങ്ങള്‍ക്കും വലിപ്പമുള്ള കഥകള്‍ ഇനിയും അനോണി ആന്റണിയില്‍ നിന്നും രാമനുണ്ണി മാഷില്‍ നിന്നും സുരേഷ് ഐക്കരയില്‍ നിന്നും പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും.

15 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ

ഓരോ പോസ്റ്റുകളും സശ്രദ്ധം വീക്ഷിച്ചു അതിനുള്ളിലെ അപാകതകള്‍ തുറന്നു പറയാന്‍ കാണിച്ച സന്‍മനസ്സിന്‌ നന്ദി.
വളരെ നല്ല ഒരു പോസ്റ്റ്‌ കണ്ടതില്‍ സന്തോഷം അറിയിക്കട്ടെ.. മനസ്സ്‌ തൊട്ടുള്ള പ്രോസ്തഹനം തീര്‍ച്ചയായും ഉപകാരപ്രദമാണ്‌...പ്രത്യേകിച്ചും വളര്‍ന്ന്‌ വരുന്ന ഞങ്ങളെ പോലെയുള്ള കൊച്ചു എഴുത്തുക്കാര്‍ക്ക്‌..
ഇത്തരം വിവരണങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.

നന്‍മകള്‍ നേരുന്നു

un said...

എന്റെ അഭിപ്രായം മുഖവിലക്കെടുത്തുകണ്ടതില്‍ അതിയായ സന്തോഷം. പുതിയ എഴുത്തുകാര്‍ക്ക് എന്തായാലും ഉപകാരപ്പെടും.

തറവാടി said...

സുയോധനാ ,

വിലയിരുത്തലുകളില്‍ ഏറ്റവും പ്രാധാന്യം സ്വാതന്ത്ര്യത ഉണ്ടായിക്കുക എന്നതാണെങ്കില്‍‌ അതു കാണാത്തവയയായിക്കും‌ മിക്കതും എന്നതാണ്‌ സത്യം , താങ്കളില്‍‌ ഞാന്‍ കാണുന്ന പ്രധാനമായ ഒന്ന് ഇതുതന്നെയാണ്‌ സ്വതന്ത്ര്യത.

പിന്നെ എനിക്കിപ്പോഴും കഥയും‌ ഒര്‍മ്മക്കുറിപ്പുകളും തമ്മിലുള്ള സാങ്കേതിക വ്യത്യാസം അറിയില്ല , കഥയില്‍ അനുവാചകന്‌ ചിന്തിക്കാന്‍ ഇടം‌ കൊടുക്കണം എന്നൊക്കെ പലരും‌ പറഞ്ഞുകേട്ടിട്ടുണ്ട് , അങ്ങിനെയെങ്കില്‍ , ഓര്‍മ്മക്കുറിപ്പുകളില്‍ എഴുത്തുകാരന്‍‌ മനപൂര്‍‌വ്വം വ്യത്യാസങ്ങള്‍ വരുത്തുമ്പോള്‍ കഥയായി അംഗീകരിക്കുമോ?

കഥകള്‍ നീളം കൂടിയാലെ അനശ്വരമാകൂ ( കൂടുതല്‍ കാലം നിലനില്‍ക്കൂ) എന്ന് പറഞ്ഞതില്‍‌ ( അതോ ഞാന്‍ അങ്ങിനെ തെറ്റായി മനസ്സിലാക്കിയതാണോ?) എനിക്കൊരു സംശയം‌ , അമിത വര്‍ണ്ണന കൊടുത്തെഴുതുന്ന കഥകള്‍ വായനാസുഖം കുറക്കുമെന്നാണെനിക്കു തോന്നിയിട്ടുള്ളത് , പിന്നെ മനുവിനെപ്പോലുള്ള ചിലരുടെ എഴുത്തിന്‍‌യറ്റെ ഭംഗി തീര്‍ച്ചയായും ഇതിനെ മറികടക്കുന്നുണ്ടെന്നു സമ്മദിക്കുന്നു , പക്ഷെ അവിടെ ഞാന്‍ കാണുന്ന ഒരു പ്രശ്നം ഈ ഭംഗി കഥാ തന്തുവിന്‍‌റ്റെ അല്ലെങ്കില്‍ കഥയിലെ കഥയുടെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നില്ലേ എന്നതാണ്‌.

ചുരുക്കത്തില്‍‌ കഥയിലെ കഥക്ക് പ്രാധാന്യം നഷ്ടപ്പെടുത്താതെ , അത്യാവശ്യമായ വര്‍‌ണ്ണനകള്‍‌ മാത്രമെടുത്ത് പറയുന്ന കഥകളല്ലെ നല്ല കഥകള്‍? കഥയുടെ നീളത്തിനു പ്രാധാന്യമുണ്ടോ എന്നതാണ്‍എന്‍‌റ്റെ ചോദ്യം.

സുയോധനാ ,

പെട്ടെന്നെഴുതിയ സംശയങ്ങളാണ്‌ , പ്രദിപാദിക്കാത്ത വിഷയമെങ്കില്‍‌ വിട്ടുകളയൂ :)

താങ്കളുടെ ഈ സം‌രഭത്തെ വളരെ താത്പര്യത്തോടെ നോക്കിക്കാണുന്നു , കുറെ മഹാന്മാരുടെ കഥകള്‍‌ മാത്രമെടുത്തവലോകനം ചെയ്യാന്‍ മാത്രമാണു പലര്‍ക്കും താത്പര്യം , ഇതില്‍ സത്യത്തില്‍‌ ഗുണം കിട്ടില്ലാഎന്ന അഭിപ്രായക്കാരനാണു ഞാന്‍ , ഏറ്റവും നല്ല ഡോക്റ്റര്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സഥലത്ത് ജോലിയുള്ളവനായിരിക്കും അല്ലാതെ ഏറ്റവും നല്ല സിറ്റിയില്‍ ജോലി ചെയ്യുന്നവനായിരിക്കില്ല.

ആശംസകള്‍

നീണ്‍റ്റുപോയൊ?

R. said...

സുയോ,

ഇന്നലെ പാതിരാത്രിക്ക് ആലോചിച്ചതേയുള്ളൂ അനോണിയുടെ കഥകള്‍ക്ക് ആസ്വാദനം/വിമര്‍ശനം (അല്ലേല്‍ ഇതിലേതേലുമൊന്ന്!) വേണമെന്ന്. ആദ്യം മനസ്സില്‍ വന്നത് സുയോധനന്റെ പേരും. കോയി ഇനസിഡെന്റല്‍.

അനോണി ആന്റണിയുടെ കഥകള്‍ക്ക് പൊള്ളുന്ന അനുഭവങ്ങളുടെ ചൂടും ചൂരുമുണ്ട്. അതിനുമപ്പുറം അനുഭവങ്ങളുടെ കനലില്‍ രൂപപ്പെട്ട ഒരു 'വിഷന്‍' ഉണ്ട്. അതുകൊണ്ടാണ് ഞാനയാളെ 'ആദികവേ' എന്നു വിളിച്ചത്.

Duryodhanan said...

കഥകള്‍ രണ്ടുതരം ഉണ്ടല്ലോ.

1) ഈസോപ്പ് കഥകള്‍, ക്രിസ്തുദേവന്റെ ഉപമകള്‍, തുടങ്ങിയവ ചെറുതാണ്, അവയില്‍ ഒരു ഗഹനമായ സന്ദേശവും ഉണ്ട്. എങ്കിലും ഇവയെ കുട്ടിക്കഥകള്‍ എന്നുവിളിക്കാനാവും എനിക്കിഷ്ടം. ഇത്തരം കഥകള്‍ ഇഷ്ടപ്പെടുമ്പോള്‍ തന്നെ കുട്ടിക്കഥകളില്‍ ഈ മൂന്ന് എഴുത്തുകാരും അവരുടെ രചനാപാടവം ഒതുക്കരുത് എന്നാണ് എന്റെ അഭിപ്രായം.

2) മൂന്നു നാല് താളുകള്‍ മുതല്‍ അതിനു മുകളിലോട്ട് വലിപ്പമുള്ള കഥകള്‍. ഒരു നോവലൈറ്റിന്റെ വലിപ്പത്തില്‍ എത്താത്ത, എന്നാല്‍ ചെറുകഥയുടെ തന്നെ പരിധിയില്‍ നില്‍ക്കുന്നവ.

ഇവിടെ - വര്‍ണ്ണനകള്‍ക്കു പ്രാധാന്യം കുറവാണ്. വര്‍ണ്ണന ഓരോരുത്തരുടെയും ശൈലി അനുസരിച്ച് വേണമോ വേണ്ടയോ എന്ന് വെയ്ക്കാവുന്നതേ ഉള്ളൂ. മാധവിക്കുട്ടിയുടെ കഥകള്‍ നോക്കുക- വര്‍ണ്ണനകളും കട്ടിയുള്ള വാക്കുകളും ഇവയില്‍ കുറവാണ്, എങ്കിലും വായനക്കാരനില്‍ കഥകള്‍ വരുത്തുന്ന സ്വാധീനം വലുതാണ്.

കഥയുടെ ഒരു പ്രധാന കാര്യം impact ആണ്. impact പല തരത്തിലുണ്ട്.
1) ബൌദ്ധികമായ impact -> ഇതിനു കഥയുടെ വലിപ്പം പ്രധാനമല്ല. ഇതില്‍ മേല്‍പ്പറഞ്ഞ മൂന്നു കഥാകാരന്മാരും ഒട്ടൊക്കെ വിജയിക്കുന്നുമുണ്ട്.
2) വൈകാരികമായ impact -> ഇതു വരുത്തണമെങ്കില്‍ കഥയുടെ വലിപ്പം വളരെ പ്രധാനമാണ്. വായനക്കാരനെ കഥയിലേയ്ക്ക് ഇറക്കുക, വായനക്കാരന്റെ മനസ്സില്‍ ചിത്രങ്ങള്‍ വരയ്ക്കുക, എന്നിട്ട് വൈകാരികമായ ഒരു അനുഭൂതി കൊടുക്കുക - ഇതിനൊക്കെ കഥയുടെ വലിപ്പം വളരെ പ്രധാനമാണ്. വര്‍ണ്ണനകള്‍ കൊണ്ട് കഥ വലുതാക്കണമെന്നല്ല ഇതിന്റെ അര്‍ത്ഥം.
3) സൌന്ദര്യശാസ്ത്രത്തിലെ impact -> ഇവിടെയാണ് വര്‍ണ്ണനകള്‍, കല്‍പ്പനകള്‍, ഒക്കെ പ്രധാനമായി വരിക. നിറങ്ങള്‍, വെളിച്ചം, പശ്ചാത്തലം, തുടങ്ങിയ എന്തും ഈ അനുഭൂതി നല്‍കാന്‍ ഉപയോഗിക്കാം. ഇതു മുകളില്‍ പറഞ്ഞ രണ്ടിനെയും സ്വാധീനിക്കുന്നു.

ഇതില്‍ വൈകാരിക സ്വാധീനം, സൌന്ദര്യവര്‍ണ്ണനകള്‍ - ഇവയ്ക്കൊക്കെ കഥയുടെ വലിപ്പം പ്രധാനം തന്നെ. ഇവ എല്ലാം ഒരു കഥയില്‍ വരുത്താന്‍ കഴിഞ്ഞാല്‍, മുഴച്ചുനില്‍ക്കാതെ എഴുതാന്‍ കഴിഞ്ഞാല്‍‍, തീര്‍ച്ചയായും കഥ നന്നാവും.

ഉപാസന || Upasana said...

സുയോധനന്‍ കലക്കുന്നുണ്ട്
:)
ഉപാസന

കേരളീയം said...

തനി മലയാളത്തില്‍ നിന്നാണ് ഇവിടെ ഇപ്പോള്‍ എത്തിയത്. സിമി, ദുര്യോധനന്‍ എന്നീ പേരുകളില്‍ എഴുതുന്ന താങ്കള്ളുടെ വിമര്‍ശനങ്ങളും, പഠനങ്ങളും നന്നാകുന്നുണ്ട്.

രണ്ടും ഒരാ‍ളാണെന്ന് മനസ്സിലായത് .... താ‍ങ്കള്‍ ഈ പോസ്റ്റ് ആദ്യം ഇട്ടത് സിമി എന്ന പേരില്‍ ആയതിനാല്‍ ആണ് കേട്ടോ....

Sanal Kumar Sasidharan said...

valiya rachanakal aalkkar vaayikkumo ennoru pediyaayirunnu.pakshe simi parayunnathukelkkumpol athoru veru pedi mathram aanennu thonnukayum cheyyunnu

വാളൂരാന്‍ said...

വളരെ നല്ല വിലയിരുത്തലുകള്‍...
പുതുതായി എഴുതിത്തുടങ്ങുന്നവര്‍ക്ക്‌ വളരെ ഗുണം ചെയ്യുന്നു....

സുരേഷ് ഐക്കര said...

രചനകള്‍ ശ്രദ്ധിച്ചതിലും അഭിപ്രായം തുറന്നുപറഞ്ഞതിലും ആത്മാര്‍ത്ഥമായ നന്ദിയും സ്നേഹവും സുയോധനാ.

ദിലീപ് വിശ്വനാഥ് said...

ആക്ച്വലി, ചേട്ടന്റെ യഥാര്‍ത്ഥ പേര് എന്താ? സുയോധനന്‍ ആണോ ദുര്യോധനന്‍ ആണോ?
എന്തായാലും ഇതു കൊള്ളാം. നല്ല ഉദ്യമം.

annie said...

priya simiyodhana,
ee niroopanam athra poornam ayilla ennanu ente abhiprayam. kathakalude valippathe kurichum mattum paranja abhiprayangal sheri thanne.. pakse athu oru vayanakkaran kathakku idunna comment poleye avunnuloo.. ethenkilum onno rando kathakal eduthu oru padhanam nadathiyal nannayene.. 'manuvinte yakshi oru padhanam' pole. niroopanam limited aya karyangal paranju avasanippikkathe alpam koodi samayam eduthu padhichu ezhuthan kazhiyille..
pinne enikku ee postukalil koode vimarshikkappedunna alkkarude blogukal parichayappedan kazhiyunnu. I Appriciate..

ഗുപ്തന്‍ said...

അനോണിയെയും രാമനുണ്ണി മാഷിനെയും വായിച്ചിരുന്നു. രണ്ടുപേരും താരങ്ങള്‍ തന്നെ. ഐക്കരയെ ഇനി ശ്രദ്ധിക്കണം .

സുയോധനന്റെ അഭിപ്രായത്തോട് അല്പം ശ്രദ്ധയോടെയേ പ്രതികരിക്കാനാവൂ.

ഇവര്‍ മുന്നുപേരും നീണ്ട രചനകള്‍ എഴുതുന്നത് നല്ലതായിരിക്കും തീര്‍ച്ചയായും. ഞാന്‍ വായിച്ച കഥകളില്‍ നന്നായി എഴുതാനറിയാവുന്ന എഴുത്തുകാര്‍ ഉണ്ട്.

പക്ഷെ ഇപ്പോളവര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ക്ക് യോജിച്ചത് ഈ മിനിക്കഥ ശൈലിയാണെന്ന് തോന്നുന്നു. പ്രത്യേകിച്ചും അനോണി ആന്റണിയുടെ ഒളിയമ്പുകള്‍ ഇത്രയേറെ incisive ആകുന്നത് മിനിക്കഥാ രൂപത്തിന്റെ ശക്തി കൊണ്ടുതന്നെയാണ്.

വിഷയങ്ങള്‍ക്ക്/കഥാശില്പത്തിന് അനുസരിച്ച് വിവരണം ആവാം. ബ്ലോഗില്‍ അടുത്തകാലത്ത് വന്ന നല്ല ചില ചെറുകഥകള്‍ മിനിമലിസ്റ്റിക് ആയിരുന്നു എന്നോര്‍ക്കുക.സൂപ്പ്.. ആട്ടിങ്കുട്ടി... ബാക്കി കഥ പിന്നെയെഴുതാം.. ഇതൊക്കെ

Duryodhanan said...

മനു:

അനോണി ആന്റണി, രാമനുണ്ണിമാഷ് തുടങ്ങിയവര്‍ ഇപ്പോഴെഴുതുന്ന കുറുങ്കഥകള്‍ നിറുത്തണം എന്നല്ല.

എന്നാല്‍ കുറുങ്കഥകളുടെ കൂട്ടില്‍ മാത്രം അവര്‍ തങ്ങളുടെ ഭാവനയെ തളച്ചിടേണ്ടതില്ല. പത്തു കുറുങ്കഥകള്‍ എഴുതുമ്പോള്‍ ഒരു വലിപ്പമുള്ള കഥയും എഴുതൂ. അത്തരം ആശയങ്ങളും വരുമ്പോള്‍ - കഥയ്ക്ക് വിസ്തൃതി ആവശ്യമാണെന്നു തോന്നുമ്പോള്‍ - ആവശ്യമായ വിസ്തൃതിയും കൊടുക്കൂ.

അനോണിയുടെ കുറുങ്കഥകളുടെ ഇമ്പാക്ട് ചിലപ്പോള്‍ വലുതാക്കുമ്പോള്‍ പോവുമായിരിക്കാം. എന്നാല്‍ വലിയ കഥകള്‍ എഴുതേണ്ടിടത്ത് വലിയ കഥകള്‍ തന്നെ എഴുതണം. അവിടെ മടിപിടിച്ചോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ മാറിനില്‍ക്കരുത്.

അനോണി ആന്റണി said...

സുയോധനന്‍, എന്റെ പോസ്റ്റുകള്‍ പഠിച്ചതിനും നിര്‍ദ്ദേശങ്ങള്‍ തന്നതിനും നന്ദി. നീളമുള്ള പോസ്റ്റുകളും എഴുതാന്‍ ശ്രമിക്കുന്നുണ്ട്.