Tuesday, January 1, 2008

2007-ലെ പൂ‍ക്കള്‍ - ബ്ലോഗന്നൂരിലെ വരയന്‍ പുലി

2007-ല്‍ മലയാളം ബ്ലോഗിലെ മികച്ചരചനകളെ ചൂണ്ടിക്കാണിക്കുന്ന എവിടെയും ഇത്ര വൈകാതെ എത്തേണ്ട ഒരാളാണ് കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് . യഥാര്‍ത്ഥത്തില്‍ ഏത് കാരിക്കേച്ചര്‍ തെരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പത്തില്‍ ആണ് ഈ കുറിപ്പ് നീണ്ടുപോയത്.

വക്രതുണ്ഢനല്ലെങ്കിലും മഹാകായനായ തിരുവടികള്‍ ഇന്ന് (പുതുവര്‍ഷ ദിനം) നൂറുപുലികളെ കൂട്ടിലടക്കാനുള്ള ഉദ്യമം പെരുവഴിയില്‍ വച്ചു നിറുത്തി എന്ന് ജളത നടിച്ച് നൂ‍റ്റിയൊന്നാം പോസ്റ്റിന്റെ (ഉവ്വ സണ്ണിമാഷ് പുലിയല്ലെങ്കില്‍ ഞങ്ങള് ഷെമിച്ച്: ഒരു ചിങ്കം കൂടെ ഇരിക്കട്ട്) ഒതുക്കത്തില്‍ വിജയഭേരിമുഴക്കിയിരിക്കുന്നു. ഒരു പുലിക്കൂട്ടവുമായാണ് എഴുന്നള്ളത്ത്.

തെരഞ്ഞെടുത്തു മണ്ടനാവുന്ന പണി ഇന്നത്തേക്ക് ഞാന്‍ വേണ്ടെന്ന് വയ്ക്കുന്നു.

നൂറ്റൊന്നു പോസ്റ്റുകളും നമ്മുടെ പൂക്കളത്തില്‍.

Monday, December 31, 2007

2007-ലെ പൂ‍ക്കള്‍ - പേരയ്ക്കയുടെ വഴികാട്ടി

പേര് പേരയ്ക്കയുടെ പല പോസ്റ്റുകളും ഈ വര്‍ഷം ശ്രദ്ധേയമായി. ഡിസൈനിങ്ങിനെക്കുറിച്ച് ആധികാരികമായി മലയാളത്തില്‍ ഇതിനുമുന്‍പ് ലേഖനങ്ങള്‍ കണ്ടിട്ടില്ല. ലെമണ്‍ ഡിസൈന്‍ എന്ന ബ്ലോഗില്‍ പേരയ്ക്ക എഴുതിയ ലേഖനങ്ങള്‍ ബ്ലോഗിലും പുതുമയായിരുന്നു.

എന്നാല്‍ പേരയ്ക്കയുടെ ഏറ്റവും മികച്ച പോസ്റ്റായി എനിക്കു തോന്നുന്നത് വര്‍ഷാന്ത്യം വന്ന വഴികാട്ടി എന്ന ചിത്രമാണ്. പേരയ്ക്കയെ കൈപിടിച്ചു നടത്തുന്ന മകള്‍. മകളുടെ കുഞ്ഞിക്കാലടികളിലും അല്‍ഭുതമൂറുന്ന മുഖത്തും തെളിയുന്ന വെളിച്ചം പേരയ്ക്കയുടെ ജീവിതത്തിന്റെ വെളിച്ചമാവുന്നു. ജീവിതത്തിന്റെ ചൂടില്‍ വരണ്ടുപോയ ഞരമ്പുകളില്‍ മകളുടെ വിരല്‍ത്തുമ്പിന്റെ സ്പര്‍ശം തൂവത്സ്പര്‍ശമാവുന്നു. ഒരു പുഞ്ചിരിയോടെയല്ലാതെ ഈ ഫോട്ടോ കാണുവാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഉറപ്പ്.

ഫോട്ടോയുടെ മനോഹരമായ പശ്ചാത്തലം കാണുമ്പോള്‍ ബാംഗ്ലൂര്‍ കബേണ്‍ പാര്‍ക്കിനെ ഓര്‍മ്മവരുന്നു. ഫോട്ടോയ്ക്ക് അടിക്കുറിപ്പായുള്ള വരികള്‍ ചിത്രത്തെ പൂര്‍ണ്ണമാക്കുന്നു.

“മഞ്ഞ ഇലകള്‍ പൊഴിയുന്നത്
മരം അറിയുന്നത് പോലെ
രക്തപ്രസാദമുള്ള എന്റെ സ്മരണകള്‍
ഒടുവില്‍ വര്‍ത്തമാനത്തിന്റെ
വരള്‍ച്ചയില്‍ ഉണങ്ങി വീഴുന്നത്
ഞാനറിയുന്നു.“

ഫോട്ടോയും പേരയ്ക്കയുടെ കുറിപ്പും ഇവിടെ കാണുക.

2007-ലെ പൂക്കള്‍ - ആഴ്ചക്കുറിപ്പുകളും (അഗ്രജന്‍) ഒരു സൂപ്പര്‍സ്റ്റാറും

ബ്ലോഗെഴുത്തിന്റെ ജനകീയാടിത്തറ എന്ന് പറഞ്ഞുപഴകിയ കാര്യം ആവര്‍ത്തിക്കുന്നില്ല. നിത്യജീവിതത്തിന്റെ സാധാരണകാഴ്ചകളും സാധാരണക്കാരന്റെ കാഴ്ചപ്പാടുകളും ആണ് ബ്ലോഗിന്റെ ജീവധാര എന്ന് പറയണം. (കവികളായിരിക്കണം എണ്ണത്തില്‍ കൂടുതല്‍... അഭിപ്രായം പറയാതിരിക്കുകയാണ് മെച്ചം.) വാര്‍ത്തയല്ലാത്തത് വാക്കുകളാവുന്ന ഇടമാണിത്.

ബ്ലോഗില്‍ സ്വച്ഛമായ ജീവിത നിരിക്ഷണങ്ങള്‍ ഒരുപാടുണ്ട്. പേരെടുത്തുപറഞ്ഞാല്‍ പലരോടും നീതികാണിച്ചില്ല എന്ന് കുറ്റബോധം തോന്നിയേക്കും പിന്നീട്. എഴുത്തിന്റെ നൈരന്തര്യം കൊണ്ടും ലാളിത്യം കൊണ്ടും അവലോകനത്തിന്റെ നിഷ്പക്ഷതകൊണ്ടും ഏറെ ശ്രദ്ധേയമായ അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍ മലയാളം ബ്ലോഗിലെ ഒരു അപൂര്‍വതയാണ്. ജേര്‍ണല്‍ എന്നനിലയില്‍ ബ്ലോഗിന്റ്റെ സാധ്യതകള്‍ ഏറ്റവും നന്നായി ഉപയോഗിച്ചിരികുന്നത് ഇവിടെയാണെന്ന് കരുതുന്നു.

ഡ്രൈവിംഗിനിടയില്‍ കണ്ട ഒരു അനുഭവത്തില്‍ നിന്നും പൊതുവേ കര്‍ക്കശസ്വഭാവിയും എന്നാല്‍ സ്നേഹവാനുമായ സ്വപിതാവിനെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്നും ജീവിതപാഠങ്ങള്‍ ഓര്‍ത്തെടുക്കുന്ന ഇരുപത്തിയാറാം കുറിപ്പ് നല്ല ഒരു ഉദാഹരണമാണ്.


പക്ഷെ ആഴ്ചക്കുറിപ്പുകളിലെ സൂപ്പര്‍സ്റ്റാര്‍ അഗ്രജന്‍ എന്ന എഴുത്തുകാരന്‍ അല്ല എന്ന് ബൂ‍ലോഗത്തിനു ബോധ്യപ്പെട്ടു വൈകാതെ. പാച്ചുവിന്റെ ലോകം എന്ന വാലറ്റം ഇല്ലാതെ വന്നകുറിപ്പുകളില്‍ വായനക്കാരുടെ പ്രതികരണം വായിച്ചാല്‍ ഉപ്പായ്ക്ക് പൊന്നു മോളോട് കുശുമ്പ് തോന്നിയാല്‍ പോലും കുറ്റം പറയാനാവില്ല.

മുന്‍പുപറഞ്ഞ ഇരുപത്തിയാറാം കുറിപ്പിലെ പാച്ചുവിന്റെ ലോകം ഇങ്ങനെ:

ഡ്രസ്സില്‍ ഒരല്പം വെള്ളമായാല്‍ ആ ഡ്രസ്സ് എത്രയും പെട്ടെന്ന് മാറ്റിയെങ്കിലെ പാച്ചുവിന് സമാധാനമാവൂ.
രാത്രി ഭക്ഷണം കഴിഞ്ഞ് കൈ കഴുകി വന്നപ്പോഴും പാച്ചുവിന്‍റെ ആവശ്യം അത് തന്നെയായിരുന്നു...
‘ഉമ്മാ പാച്ചൂന് ഡ്രസ്സ് മാറ്റി ത്താ...’
‘മോളെ അതിനിതിലെവിടെ വെള്ളം...’ ഞാനിടപ്പെട്ടു.
‘ഇതാപ്പാ... വെള്ളം...’ പാച്ചു നനഞ്ഞ ഭാഗം കാണിച്ചു തന്നു.
‘എവിടെ ഉപ്പാക്ക് കാണാനില്ല... ഇത് നനഞ്ഞിട്ടൊന്നുമില്ല...’ ചെറിയൊരു നനവ്, ഞാനത് കാണാത്തത് പോലെ തള്ളി വിട്ടു.
പാച്ചു പെട്ടെന്ന് അപ്പുറത്തേക്ക് ഓടിപ്പോയി...
തിരിച്ച് വന്നത് എന്‍റെ കണ്ണടയും കൊണ്ടായിരുന്നു... അതെന്‍റെ മുഖത്ത് വെച്ച് തന്ന് പാച്ചു പറഞ്ഞു...
‘നോക്ക്പ്പാ... വെള്ളം...’
ഞാന്‍ പെട്ടെന്ന് തന്നെ വെള്ളമുണ്ടെന്ന് സമ്മതിച്ചു...
അല്ലെങ്കിലൊരു പക്ഷെ ‘ഉപ്പാ ഈ കണ്ണട മാറ്റ്...’ എന്നുകൂടെ പാച്ചു പറഞ്ഞാലോ!


അഗ്രുവിന്റെയും പാച്ചുവിന്റെയും ലോകം ഇവിടെ വായിക്കുക.

Saturday, December 29, 2007

2007-ലെ പൂക്കള്‍ - മിന്നൂസും ഹാനയും പിന്നെ...

ബ്ലോഗ് എന്ന മാധ്യമത്തിന്റെ അനിതരസാധാരണമായ സാധ്യതകളില്‍ ഒന്ന് മുഖ്യധാരയില്‍ എളുപ്പത്തില്‍ എഴുത്തിനു വഴങ്ങാത്തതു പലതും ഇവിടെ എഴുത്തിനുവിഷയം ആകും എന്നതാണ് എന്ന് തോന്നിയിട്ടുണ്ട്. കൊച്ചുകൊച്ചു കുടുംബവിശേഷങ്ങള്‍ (അമ്മയുടെ അസുഖത്തെപ്പറ്റിയും അച്ഛന്റെ സ്നേഹത്തെപ്പറ്റിയും ഒക്കെ കുട്ടികള്‍ എഴുതുന്ന ബ്ലോഗുകള്‍ കണ്ടു)എളുപ്പത്തില്‍ ഉള്ള പാചകക്കുറിപ്പുകള്‍ (സൂര്യഗായത്രി ഇഞ്ചിമാങ്ങ മോഡല്‍ അല്ല - അതൊക്കെ മുഖ്യധാരയിലും വരും: ഉണ്ടാപ്രി മോഡല്‍)ചമ്മലുകള്‍ അങ്ങനെ പലതും ഇവിടെ വിഷയമാവുന്നു.

ബ്ലോഗിലെ ആദ്യ സന്ദര്‍ശനത്തിനു ശേഷം വീണ്ടും മടങ്ങിവരാന്‍ എന്നെ പ്രേരിപ്പിച്ച ബ്ലോഗ് ആയിരുന്നു കുട്ട്യേടത്തി ഹാനമോളെക്കുറിച്ച് എഴുതുന്ന വിശേഷങ്ങള്‍. കുറച്ചു കുറിപ്പുകളേ ഉള്ളെങ്കിലും റ്റെന്‍ഷന്‍ ഒക്കെ തോന്നുന്ന സമയങ്ങളില്‍ ഞാന്‍ വീണ്ടും വീണ്ടും ഹാനമോളുടെ വിശേഷങ്ങള്‍ വായിച്ചു. ഒരമ്മക്ക് അവരുടെ കുഞ്ഞിനെക്ക്കുറിച്ച് എഴുതാനാവുന്നതിനെക്കാള്‍ മഹനീയമായ വാക്കുകള്‍ ഒരു സാഹിത്യത്തിലും ഉണ്ടാവില്ല എന്ന് തോന്നി.

പിന്നീടാണ് സുര്യോദയം എന്ന ബ്ലോഗര്‍ മകള്‍ മിന്നൂസിന്റെ വികൃതികളെപ്പറ്റി എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്. ചിത്രങ്ങള്‍ പോലെ മുന്നില്‍ തെളിയുന്ന കുഞ്ഞുകുഞ്ഞു കുസൃതികള്‍: അവ പ്രഗത്ഭനായ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ വര പോലെ നമ്മുടെ അറിവുകളെയും അഹങ്കാരങ്ങളെയും പരിഹസിക്കുന്നു.

ഉദാഹരണത്തിന് (ഉദാഹരണം മാത്രം) വീണ്ടും ചില ചോദ്യങ്ങള്‍ എന്ന പോസ്റ്റ് കാണൂ:

സന്ധ്യാസമയത്ത്‌ ആകാശത്ത്‌ നോക്കിക്കൊണ്ട്‌ മിന്നുവിന്റെ ഒരു ചോദ്യം..

"ആകാശത്തിന്റെ അമ്മയെവിടെ?"

"ആകാശത്തിന്റേ???..." എന്നൊരു അതിശയോക്തികലര്‍ന്ന് ഒരു മറുചോദ്യം ചോദിച്ച്‌ ഞാന്‍ നിശബ്ദനായി.

ഉടനെ അടുത്ത ചോദ്യം.. "അമ്പിളിമാമന്റെ ഒരു കശണം പൊട്ടിപ്പോയോ?? ആ കശണം എവിടെ??"


ഹാനമോള്‍
ചോദിച്ചു ചോദിച്ചു പോകുന്നത് ഇങ്ങനെ


" മോളേ.. ബെഡ്റൂമിള്‍ പോയി നമ്മടെ ഹാരിമോന്റെ ഒരുടുപ്പിങ്ങെടുത്തോണ്ടു വന്നേ .."

" ബെഡ്റൂം ??? വാട്ടീസേ ബെട്റൂം " ? (ബെഡ്‌റൂമെന്നാദ്യമായി കേട്ട മാതിരി )..

" ബെഡ് ഇട്ടിരിക്കണ റൂം അല്ലേടി കള്ളിപ്പെണ്ണേ ബെട്റൂം " ?

" വാട്ടീസേ ബെഡ് "?

" ബെഡ്.......മ്മ്ഹ്. നമ്മളു സ്ലീപ് ചെയ്യണതെവിടെയാ.. അതല്ലേ ബെഡ് "

" വാട്ടീസ് സ്ലീപ് " ?

" സ്ലീപ്പെന്നു പറഞ്ഞാല്‍... നമ്മളു കണ്ണൊക്കെ അടച്ചു റെസ്റ്റ് ചെയ്യുന്നതല്ലേ സ്ലീപ് ?

" റെസ്റ്റ്..? വാട്ട് യൂ റ്റോക്കിങ്ങ് എബൗട്ട് " ?


ബ്ലോഗ് കവികള്‍ എല്ലാം കൂടി കുത്തിവയ്ക്കുന്ന ദുരന്തബോധം അധികമാവുന്നു എന്ന് തോന്നുമ്പോള്‍ ഈ കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ... ലോകത്ത് ഒരുപാട് പ്രകാശം ബാക്കിയുണ്ടെന്ന് മനസ്സിലാവും.

അതിലും ശരിയായില്ലെങ്കില്‍ ബഹുവ്രീഹിയുടെ അമ്മുക്കുട്ടി പാടിയ ഈ പാട്ടു കേള്‍ക്കൂ. ഇനിയും നിങ്ങള്‍ക്ക് ഉത്സാഹം വരുന്നില്ലെങ്കില്‍ sorry, I don't have much hope about you!!

Wednesday, December 26, 2007

2007-ലെ പൂ‍ക്കള്‍ - എണ്ണയെയും പിണ്ണാക്കിനെയും പറ്റി ലാപുട പറയുന്നത്

നോട്ടത്തിന്റെ ആഴവും വരികളിലെ ദര്‍ശനസാന്ദ്രതയുമാണ് ലാപുടയെ വേറിട്ടൊരു കവി ആക്കുന്നത്. 25-ഓളം കവിതകള്‍ ഈ വര്‍ഷം ബ്ലോഗിനു നല്‍കിയ ഈ കവിയുടെ ഒരു കവിത മാത്രമായി തെരഞ്ഞെടുക്കുക പ്രയാസമുള്ള കാര്യമാണ്. ദ്വന്ദങ്ങളുടെ വഴുക്കലില്‍ പ്രപഞ്ചത്തിന്റെ അമ്പരപ്പിക്കുന്ന അര്‍ത്ഥങ്ങള്‍ തിരയുന്ന വഴുക്ക്; ജീവിതത്തില്‍ നിന്ന് കവിതയിലേക്ക് യാത്രയാകുന്ന വാക്കിന്റെ ഉള്ളുചികയുന്ന വിരുന്ന്; മൃഗകാമനകളെ ശിക്ഷണത്തിലും കരുതലിലും ഒതുക്കിനിറുത്താന്‍ ജാഗ്രതകൊള്ളുന്ന മൃഗശാല ഇവയില്‍ നിന്നൊക്കെയാണ് തെരഞ്ഞെടുപ്പ്.

എങ്കിലും എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു എന്ന രചന സൂക്ഷ്മമായ രാഷ്ട്രീയം കൊണ്ടും ജീവിതത്തിന്റെ മറ്റുതലങ്ങളിലേക്ക് തുറക്കുന്ന അര്‍ത്ഥങ്ങളുടെ ആയിരം വാതില്‍ കൊണ്ടും പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. (കവിതയിലെ ഏറ്റവും പ്രകടമായ രാഷ്ട്രീയത്തിനു വിരുദ്ധദിശയിലേക്ക് കമന്റുകള്‍ മിക്കതും പോയതിന്റെ കാരണവും ഈ വാതിലുകള്‍ തന്നെ ആവണം)

ജീവിതത്തിന്റ്റെ തിളങ്ങുന്ന വശത്തൊക്കെ കുഴഞ്ഞുനില്‍ക്കൂന്ന എണ്ണയെക്കുറിച്ച് ഒതുക്കത്തില്‍ ഊറ്റം കൊണ്ടിട്ട് തന്റെവഴിയില്‍ ആത്മാംശം തിരയുന്ന വായനക്കാരനെ പുറംകൈ കൊണ്ടുതല്ലുകയാണ് പിണ്ണാക്ക്.

ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും
അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.


ഉള്ളു മറ്റെന്തിനോ/മറ്റാര്‍ക്കോ വേണ്ടി നല്‍കുന്നതാണ് സ്നേഹം; അതു തന്നെയാണ് വിപ്ലവം. അപ്പോള്‍ ബലിയുടെ പഴംകഥകള്‍ ആത്മരതിക്കുള്ള അടഞ്ഞ അറകള്‍ ആകുന്നതെങ്ങനെയോ...


പിണ്ണാക്കിനു പറയാനുള്ളത് ഇവിടെ വായിക്കുക

Tuesday, December 25, 2007

2007-ലെ പൂ‍ക്കള്‍ - വിഷ്ണുപ്രസാദിന്റെ ‘ശൂലം’ എന്ന കവിത

ചില രചനകള്‍ ചിലനേരത്ത് സംഭവിച്ചുപോകുന്നതാവണം. പക്ഷേ മായികമായ എന്തോ ഒന്ന് അവയെ കാലത്തിന്റെ വലക്കെട്ടിനപ്പുറത്തേക്ക് എടുത്തെറിയും. കാലത്തിനും ദേശത്തിനും ഒരുപക്ഷേ ഭാഷക്കുമപ്പുറം അവ മനുഷ്യനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കും.

കവി വിഷ്ണുപ്രസാദിന്റെ ശൂലം എന്ന കവിത സവിശേഷമാ‍യ ഒരു രാഷ്ട്രീയപശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണെന്ന് വ്യക്തം.

ഒരു ശൂലം ചിരിച്ചു തുടങ്ങി.
ഒരു പാലത്തെ ഓര്‍ത്താണത്രേ
അതിന്റെ ചിരി...


ദൈവത്തിന്റെ പാലം രക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ് എന്ന നിരീക്ഷണത്തിലൂടെ ശൂലത്തിന്റെ ഈ ചിരിയെ കവി കുറെക്കൂടി വിശാലമായ കാന്‍‌വാസില്‍ എത്തിക്കുന്നു

ദൈവമേ,
ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.
നിന്റെ പാലത്തിനെ
രക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലും
ഞങ്ങളാലാവുന്നത് ഞങ്ങള്‍
ചെയ്യുന്നു...


പാലമുറയ്ക്കാന്‍ മനുഷ്യക്കുരുതികൊടുക്കുക എന്ന പുരാതനവും ദേശാതീതവുമായ ആചാരത്തിലൂടെ ശൂലത്തിന്റെ വക്രിച്ച ചിരി എല്ലാ ഊടുവരമ്പുകളിലൂടെയും കുരുതിക്കുള്ള ഉടല്‍ തിരഞ്ഞുവരുന്നു..

പിന്നെ പുതിയപാലങ്ങള്‍ ഉണ്ടാവുകയും...

രാഷ്ട്രീയ ജാഗ്രത എങ്ങനെ കാലാതീതവര്‍ത്തിയായ കലയായി മാറുന്നു എന്നതിനു പാഠമാണീ കവിത. 2007-ല്‍ ബ്ലോഗ് കണ്ട ഏറ്റവും ശക്തമായ രചനകളിലൊന്ന് ഇവിടെ വായിക്കുക

Monday, December 24, 2007

2007-ലെ പൂ‍ക്കള്‍ - സിജിയുടെ ഇര എന്ന കഥ

എഴുതാ‍നെടുക്കുന്ന വിഷയങ്ങളുടെ സൂക്ഷ്മവശങ്ങളിലേക്ക് സിജി കയറിപ്പോകുന്ന രീതി അതീവ സുന്ദരമാണ്. ആധുനികതയുടെ ജാടകള്‍ ഇല്ലാത്ത കറതീര്‍ന്ന കഥന വൈഭവമാണീ എഴുത്തുകാരിയുടെ കൈമുതല്‍.

അരക്ഷിതത്വം നമ്മുടെ ജീവിതത്തിന്റ്റെ മുഖമുദ്രയാവുകയാണ്. ഈ അരക്ഷിതാവസ്ഥയുടെ ആ‍ക്കം കുട്ടുന്നതില്‍ ഒരു പ്രധാനപങ്കു വഹിച്ച ഘടകം ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു വിളിക്കപ്പെടുന്ന മാധ്യമങ്ങളുടെ കച്ചവടവല്‍ക്കരണമാണ്. ജനജീവിതത്തിന്റെ കാവല്‍നായ്ക്കള്‍ക്കിടയിലാണോ അതോ ഇരക്കുമീതെ താഴ്ന്നുപറക്കുന്ന കഴുകന്മാരുടെ ഇടയിലാണോ മാധ്യമങ്ങളുടെ സ്ഥാനം എന്ന് അര്‍ത്ഥഗര്‍ഭമായ മൌനത്തിലൂടെ ചോദിക്കുന്നു ഈ കഥാകാരി ഇര എന്ന കഥയില്‍.

വാരികയുടെ ഓഫീസിലെത്തിയപ്പോള്‍ത്തന്നെ തങ്കമ്മയെകണ്ടു,ഫയലില്‍ കുറെ കടലാസുമായി എതിരേ നടന്നു വരുന്നു.
'എന്താ സുനി ഇന്നലെ പോയ കേസെന്തായി'.?
അവള്‍ ഒന്നു ചിരിക്കുക മാത്രം ചൈയ്തു.
'പെങ്കൊച്ചിനു വയറ്റിലുണ്ടായിരുന്നോ'?
അവള്‍ ഒന്നും മിണ്ടിയില്ല.
'പെങ്കൊച്ചുങ്ങള്‍ക്കൊക്കെ ആത്മഹത്യ ഒരു ഫാഷനല്ലെ. സുനിയെഴുതുന്ന ലേഖനത്തിലേക്ക്‌ മാറ്ററിനൊരു പഞ്ഞോമുണ്ടാകില്ല'


ഏറെ പുതുമകള്‍ ഇല്ലാത്ത ഒരു വിഷയം അസാധാരണമായ കയ്യൊതുക്കത്തോടെ ഹൃദയസ്പര്‍ശിയായി കൈകാര്യം ചെയ്തിരിക്കുന്ന ഈ കഥയുടെ പൂര്‍ണരൂപം ഇവിടെ